ആധുനിക സൗകര്യങ്ങളുമായി മൂന്നു സിനിമാ തിയറ്ററുകൾ നാളെ തുറക്കുന്നു. ആർഡി സിനിമാസിന്റെ ഫോർ കെ, ടുകെ തിയറ്ററുകൾ പൈങ്ങണ മറ്റത്തിൽ ബിൽഡിങ്സിലാണു പ്രവർത്തിക്കുക. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഫോർ കെ സംവിധാനത്തിൽ വേറെ തിയറ്ററുകൾ ഇല്ല. ഏറ്റവും തെളിമയുള്ള സ്ക്രീനിൽ നേർക്കാഴ്ച പോലെ സിനിമ കാണാൻ കഴിയും. ത്രിഡി ദൃശ്യ, ശബ്ദ സംവിധാനവും ഫോർ കെ തിയറ്ററിൽ ഉണ്ട്.
വിദേശനിർമിത ഉപകരണങ്ങളും ശബ്ദ സാങ്കേതിക വിദ്യയുമാണു പ്രത്യേകത. ഫോർ കെ തിയറ്ററിൽ 313 സീറ്റുകളാണ്. ബൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത സീറ്റുകളാണ്. രണ്ടു ടു കെ തിയറ്ററുകളിൽ 216, 166 ഇരിപ്പിടങ്ങൾ വീതമുണ്ട്. 7.1 ഡോൾബി ശബ്ദ സംവിധാനവും ടുകെയിൽ ഉണ്ട്. സത്യജിത് റേ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രതിഭകൾ തകഴി മുതലുള്ള വിശ്രുത എഴുത്തുകാർ, പഴയകാല നടന്മാർ എന്നിവരുടെ ഫോട്ടോകളാൽ ചുവരുകൾ അലങ്കരിച്ചിരിക്കുന്നു. തിയറ്ററിന്റെ ഉദ്ഘാടനം നാളെയും പ്രദർശനങ്ങൾ മറ്റന്നാളും ആരംഭിക്കുമെന്നും തിയറ്റർ ഉടമയും ചലച്ചിത്ര സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.