അഭിനയപ്രകടനം മാത്രമല്ല വ്യക്തിത്വത്തിലെ പ്രത്യേകതകൾ കൂടിയാണ് ഇന്ദ്രൻസിനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. അദ്ദേഹത്തിന്റെ വിനയവും ആത്മസമർപ്പണവും വ്യക്തമാക്കുന്ന പലസംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് കലാസംവിധായകൻ സുനിൽ ലാവണ്യ, ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ ഈ കുറിപ്പ്.
സുനിൽ ലാവണ്യയുടെ കുറിപ്പ് വായിക്കാം–
ആഭാസ ഡയറി.
ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബെംഗളുരുവിലെ നട്ടുച്ച വെയിലത്ത് നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി.
നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഞാൻ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ… അണ്ണാ ഇന്ന് നല്ല ഗംഭീര വർക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറിൽ നിർത്തിയേക്കുവായിരുന്നു…
ഇതാണ് ഇന്ദ്രൻസേട്ടൻ. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രൻസ്. ആഭാസത്തിൽ ഇന്ദ്രൻസ് As മലയാളി പെയിന്റർ.’–സുനിൽ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
രാജീവ് രവിയുടെ നിര്‍മാണ കമ്പനിയായ കളക്റ്റീവ് ഫേസ് വണ്ണിന്റെ നേതൃത്വത്തില്‍ സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് ചിത്രം നിര്‍മിക്കുന്നത്.