തനതായ അഭിനയശൈലിയിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു മലയാളികളുടെ മനസുകീഴടക്കിയ അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി ഛായഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓട്ടർഷയുടെ ഷൂട്ടിംഗ് ആരംഭിച്ചു . തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഓട്ടോക്കാരിയുടെ യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളടക്കമാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ടു വീലർ, ഫോർ വീലർ ലൈസൻസ് ഉണ്ടായിരുന്നിട്ടും പത്തനാപുരത്തെത്തി പ്രത്യേക ഓട്ടോ പരിശീലനങ്ങളോടെയാണ് താരം ചിത്രത്തിനായി ഒരുങ്ങിയത് . എം ഡി മീഡിയ ആൻഡ് ലാർവ ക്ലബ്ബിന്റെ ബാനറിൽ ലെനിൻ വർഗീസ് ,സുജിത് വാസുദേവൻ എന്നിവരാണ് നിർമാണം. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇരുപതോളം പുരുഷന്മാരുള്ള ഒരു ഓട്ടോസ്റ്റാന്റിലേക്ക് ഓട്ടോഡ്രൈവറായി അനിത എന്ന പെൺകുട്ടി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.