ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടനാണ് ഷെയ്ൻ നിഗം. ഏറ്റവും ഒടുവിൽ ഇഷ്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്ന നടനാണ് താൻ എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഷെയ്ൻ നിഗം. ബോളിവുഡ് സിനിമയിൽ അവസരം ലഭിച്ചിട്ടും മലയാള സിനിമയ്ക്ക് വേണ്ടി ആ അവസരം കളഞ്ഞ അനുഭവം വെളിപ്പെടുത്തുകയാണ് ഷെയ്ൻ ഇപ്പോൾ.
ബോളിവുഡിലേയ്ക്ക് എനിക്ക് ക്ഷണം ലഭിച്ചുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പക്ഷേ അത് അങ്ങനെയല്ല. ഒരു വർഷം മുന്പ് നടന്ന സംഭവമാണ് ഇത്. ദംഗൽ സംവിധായകമായ നിതീഷ് തിവാരിയുടെ ചിത്രത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ചോപ്രയാണ് എന്നെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ടീം കൊച്ചിയിലെത്തി ഓഡിഷൻ നടത്തുകയായിരുന്നു. മലയാളിയായ കോളജ് വിദ്യാർഥിയുടെ വേഷത്തിൽ എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ പിന്നീടാണ് കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിങ് തുടങ്ങിയത് .കുമ്പളങ്ങിയുടെ ഷെഡ്യൂളുമായി ഈ സിനിമയുടെ ഷെഡ്യൂൾ ക്ലാഷ് ആയി.അപ്പോൾ ഒരു സിനിമ എനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. ബോളിവുഡ് സിനിമ ചെയ്യാമെന്ന് ഞാൻ അപ്പോൾ സമതിച്ചിട്ടില്ലായിരുന്നു. പക്ഷേ കുമ്പളങ്ങി ചെയ്യാമെന്ന് ഞാൻ സമ്മതിച്ചിരുന്നു. അതിനാൽ കുമ്പളങ്ങി നൈറ്റ്സ് ചെയ്യാൻ തീരുമാനിച്ചു,ഷെയ്ൻ പറയുന്നു