മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹൻലാലും ശ്രീദേവിയും നായികാനായകന്മാരാകുന്ന, എ ആർ റഹ്മാൻ സംഗീതം കൈകാര്യം ചെയ്യുന്ന, ഫാസിൽ സംവിധാനം ചെയ്യുന്ന ‘ഹര്ഷന് ദുലരി’. അതിമനോഹരമായ കഥ കേട്ടപ്പോൾ തന്നെ നടീനടന്മാരും അണിയറപ്രവര്‍ത്തകരും കൈ കൊടുത്തിരുന്നു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകനായ ഫാസിലിനെ ഒരുപാട് മോഹിപ്പിച്ച് നടക്കാതെ പോയ ഒരു സ്വപ്നമാണ് ഈ ചിത്രം. ആ ചിത്രം എന്തുകൊണ്ടാണ് നടക്കാതെ പോയത് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ഫാസിൽ.
തൊണ്ണൂറുകളിൽ ആയിരുന്നു ആ സ്വപ്നത്തിനൊപ്പം ഫാസിൽ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഗസല്‍ ഗായകനായ ഹര്ഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ കഥ.ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചില്‍ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്ഷന് ദുലരി’ എന്ന് തുറന്നു പറയുകയാണ് അദ്ദേഹം.കഥയുടെ അവസാനം എത്തിയപ്പോൾ തനിക്ക് ചെയ്യാൻ സാധിക്കില്ല എന്നും അത് ജനങ്ങളിലേക്കെത്തിക്കാൻ തനിക്ക് ആവില്ല എന്നും ഫാസിലിന് തോന്നി.”ഹർഷൻ ദുലാരിയുടെ ക്ലൈമാക്സ് ഒരാൾക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നത് ആണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാൾക്ക് മാത്രമേ അവർ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ കഴിയു. അത് ജനങ്ങൾക്ക് മനസ്സിലാവണം എന്നില്ല.”അദ്ദേഹം പറഞ്ഞു.