ഷെയിൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്.ഇഷ്ക് എന്ന ചിത്രം ഷെയിന് നിഗം നല്ലൊരു കാമുകനല്ല, മികച്ച നടനാണെന്ന് പറഞ്ഞു വെക്കുകയാണ്.മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സ്ഥിരം പ്രണയ ട്രാക്കിൽ നിന്നും അകലം പാലിച്ച് പുതിയ കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിച്ച ഇഷ്ക് വളരെയധികം കയ്യടികൾ നേടി. അൻസാർഷാ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്.അടുത്തിടെ ഏഷ്യാനെറ്റ് നൽകിയ അഭിമുഖത്തിൽ ഷെയിൻ നിഗം തന്റെ സിനിമ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുകയുണ്ടായി. സിനിമയിലേക്കെത്തുന്നതിൽ വാപ്പച്ചി പൂർണപിന്തുണ നൽകിയിട്ടുണ്ടെന്നും കൂടുതൽ റിയലിസ്റ്റിക് ആവുക എന്ന ഒറ്റ ഉപദേശം മാത്രമാണ് വാപ്പച്ചി തനിക്ക് നൽകിയതെന്നും ഷെയിൻ പറയുന്നു.
അഭിനയമാണെന്ന് തോന്നാത്തവിധം കഥാപാത്രത്തോട് നീതി പുലർത്തികൊണ്ട്, കാണുന്ന പ്രേക്ഷകർക്ക് ആ രംഗം വിശ്വസിക്കുവാൻ പാകത്തിന് അഭിനയിക്കുവാൻ സാധിക്കണം. ഇതായിരുന്നു തന്റെ വാപ്പച്ചിയുടെ ഉപദേശം എന്ന് ഷെയിൻ പറയുകയുണ്ടായി. പക്ക കൊമേഷ്യൽ ചിത്രങ്ങളിൽ റിയലിസ്റ്റിക് ആകാൻ ബുദ്ധിമുട്ടാണെങ്കിലും പരമാവധി നാച്ചുറൽ ആകാൻ ഷെയിൻ ശ്രമിക്കാറുണ്ട്.ശൂന്യതയിൽ നിന്ന് അഭിനയം പഠിച്ചു വരുന്ന വ്യക്തിയാണ് താനെന്നും അതിനാൽ മറ്റുള്ള നടന്മാരെ കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നും എങ്കിലും പ്രചോദനമായ നടന്മാർ അനവധി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഉദാഹരണമായി ചൂണ്ടികാണിക്കുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും ഒക്കെയാണ്.എന്റെ പരിമിതിക്കുള്ളിൽ നിന്നുള്ള അഭിനയം മാത്രമെ എനിക്ക് കാഴ്ചവെക്കാൻ സാധിക്കുവെന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.