ഒരു ഇടവേളയ്ക്ക് ശേഷം ടോളിവുഡില്‍ വീണ്ടും മീ ടൂ ആരോപണമുയർത്തിയിരിക്കുകയാണ് തമിഴ് സിനിമയില്‍ സജീവ സാന്നിദ്ധ്യമായ യുവനടി ഷാലു ശാമു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മീ ടൂ പോലുള്ള അനുഭവങ്ങൾ വരുന്നതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കുറയുന്നതിന് കാരണം എന്നതായിരുന്നു താരം നേരിട്ട ചോദ്യം. മീ ടൂ നേരിട്ടിട്ടുണ്ടെന്നും എന്നാൽ അത് സ്വന്തമായി തന്നെ നേരിടാൻ കഴിഞ്ഞു എന്നും താരം പറയുന്നു.
ഇനി പരാതി നൽകിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. മുൻനിര സംവിധായകരിൽ ഒരാളാണ് ഷാലുവിനോട് മോശമായി പെരുമാറിയത്.വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷത്തിനായി അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ആവശ്യപ്പെട്ടത്. ഇതിനെ താരം ധൈര്യപൂര്‍വ്വം നേരിട്ടു. സംവിധായകന്റെ പേര് വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല.