തെലുങ്ക് സിനിമയിൽ കോലിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ട്രെയ്ലർ ഇന്നലെ റിലീസ് ചെയ്തിരുന്നു. തെലുങ്കിൽ വിജയ് ദേവരകൊണ്ടയാണ് അർജുൻ റെഡ്ഡിയായി എത്തിയതെങ്കിൽ ഹിന്ദിയിൽ എത്തുന്നത് ഷാഹിദ് കപൂർ ആണ് .അതിഗംഭീര പ്രകടനമാണ് ട്രയ്ലറിൽ ഷാഹിദ് കപൂർ കാഴ്ചവയ്ക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്ഡി സംവിധാനം ചെയ്തതും സന്ദീപ് തന്നെയായിരുന്നു.
ചിത്രത്തിന്റെ ട്രെയ്ലർ റിലീസിന് പിന്നാലെ ആരാധകർക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നടൻ ഷാഹിദ് കപൂർ.ചിത്രത്തില്‍ മദ്യം, സിഗരറ്റ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വലിയ തോതില്‍ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് യുവാക്കള്‍ക്ക് ഉപദേശവുമായി താരമെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ മാത്രമാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ അതിലൊന്നും മയങ്ങി വീഴരുതെന്ന് ഷാഹിദ് പറഞ്ഞു.
കിയാര അദ്വാനി ആണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ഈവർഷം ജൂൺ 21- നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അർജുൻ റെഡ്ഡി പോലെ ഈ ചിത്രവും വലിയ വിജയം ആകും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.