ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക് .
ചിത്രത്തിലെ ആദ്യത്തെ 12 മിനുട്ട് രംഗം ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ രംഗമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ക്യുവിന് അനുവദിച്ച അഭിമുഖത്തിലാണ് മഹേഷ് നാരായണൻ മനസ്സ് തുറന്നത്. എന്നാൽ ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ പല രംഗങ്ങളിലും സാധാരണ കാണാറുള്ള പോലെ ഫൈറ്റ് രംഗം അല്ലെന്നും ഇമോഷണൽ കണ്ടന്റിന് പ്രാധാന്യം നൽകിയുള്ള രംഗം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന് വേണ്ടി കളമശ്ശേരിയിൽ ഒരുക്കിയ പടുകൂറ്റൻ സെറ്റ് ഒരുക്കിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആറു കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ഭീമാകാരമായ സെറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആയിക്കഴിഞ്ഞു. കലാസംവിധായകൻ സന്തോഷ് രാമൻ, അദ്ദേഹത്തിന്റെ അസോസിയേറ്റ് സാജൻ എന്നിവർ ചേർന്നാണ് ഈ സെറ്റ് കളമശ്ശേരിയിൽ ഒരുക്കിയത്. ആറു പതിറ്റാണ്ടുകളുടെ കഥ പറയുന്ന ചിത്രത്തിൽ തീരദേശതുണ്ടായ ഒരു കലാപമാണ് ചർച്ചാവിഷയം ആകുന്നത്. തിരുവനന്തപുരം ആണ് കഥാപാശ്ചാത്തലം എങ്കിലും ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തത് എറണാകുളത്ത് ആണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച്, 25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്. ജോജു ജോർജ് ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ ,അപ്പനി ശരത്ത് , ഇന്ദ്രൻസ് , പഴയ സൂപ്പർ സ്റ്റാർ നായിക ജലജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.ടേക്ക് ഓഫിന് തന്നെ ദേശീയ അവാർഡ് വാങ്ങിയ സന്തോഷ് രാമൻ കലാസംവിധാനവും,സാനു ജോൺ വർഗീസ് ക്യാമറയും സുഷിൻ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിർവഹിക്കുന്നു. ഏപ്രിലിൽ റിലീസ് ചെയ്യേണ്ട ചിത്രം കൊറോണ പ്രതിസന്ധി മൂലം മാറ്റിയിരുന്നു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും