നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന എല്ലാ ‘ആണത്ത’ങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടികൊണ്ടാണ് ‘ഇഷ്ക്’ എന്ന സിനിമ അവസാനിക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ ഒരു നായിക നായകന്റെ നേരെ ഇത്തരത്തിൽ വിരൽ ഉയർത്തിയിട്ടില്ല. അതുകൊണ്ടാണ് ഇഷ്ക്കിന്റെ ക്ലൈമാക്സ് പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കുന്നത്. ആ വിരൽത്തുമ്പിൽ തന്നെയാണ് ഇഷ്ക് എന്ന ചിത്രം പൂർണ്ണമാകുന്നത്. വസുധയെക്കുറിച്ച് ഇപ്പോൾ വാചാല ആവുകയാണ് ആൻ ശീതൾ. എസ്ര എന്ന ചിത്രത്തിനുശേഷം ആൻ അഭിനയിക്കുന്ന മലയാള സിനിമയാണ് ഇഷ്ക്.
ഇഷ്ക്കിലെ വസുധയും ആൻ ശീതളും തമ്മിൽ എന്തെങ്കിലും സാമ്യതകൾ ഉണ്ടോ എന്ന ചോദ്യത്തിന് ചിത്രത്തിലെ സവിശേഷ സാഹചര്യത്തിലേക്ക് എത്തുമ്പോൾ എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നും താനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ആൻ മറുപടി നൽകിയത്. ഇഷ്കിന്റെ കഥയാണ് വസുധയെ നായികയാക്കുന്നത്.അല്ലെങ്കിൽ വസുധ വെറുമൊരു സാധാരണ പെൺകുട്ടി മാത്രമാണ്. അവൾ അങ്ങനെ പ്രതികരിക്കുന്നത് അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടി ആയതു കൊണ്ടാണ് എന്നും കൂട്ടിച്ചേർക്കുകയാണ് ആൻ.