ചായ വിറ്റു കിട്ടുന്ന വരുമാനത്തിലൂടെ ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ വിജയന് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊച്ചി കടവന്ത്ര സ്വദേശിയാണ്. ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും ലോകത്തിന്റെ നാനാദിക്കുകളില്‍ ചുറ്റിക്കറങ്ങുന്ന വിജയന്‍മോഹന ദമ്പതികള്‍ സോഷ്യല്‍ മീഡിയക്കും സുപരിചിതരാണ്. അടുത്തിടെയാണ് ഇരുവരും റഷ്യന്‍ സന്ദര്‍ശനം നടത്തി തിരികെ വന്നത്.
വിജയനും ഭാര്യ മോഹനയും ചായക്കട നടത്തി കിട്ടിയ വരുമാനം കൊണ്ട് 26 ഓളം രാജ്യങ്ങള്‍ ആണ് ഇതിനോടകം സന്ദര്‍ശിച്ചിട്ടുള്ളത്. കഴിഞ്ഞ 16 വര്‍ഷങ്ങളായാണ് ഈ ദമ്പതികള്‍ ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അടുത്തിടെയാണ് ഇരുവരും റഷ്യന്‍ രാജ്യം സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചവ ഏതെന്നു ചോദിച്ചാല്‍, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന്. ചെറിയ ചായക്കടയുടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങള്‍ക്കു ഇനിയും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും ഡെന്മാര്ക്കും നോര്‍വെയും ഹോളണ്ടും ഗ്രീന്‍ലാന്‍ഡുമാണെന്ന സ്വപ്നം പങ്കിടും. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകള്‍ കണ്ടു മതിമറന്നു നില്ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ കാണുന്നവരില്‍ വിസ്മയത്തോടൊപ്പം പ്രചോദനവുമാണ്. ചേര്‍ത്തലയില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറുന്നതോടെയാണ് യാത്രയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായത്.