ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ വിവരം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ലൂസിഫറിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കണം എന്നതാണ്. ചെറിയ ഒരു ഇൻഡസ്ട്രി ആയ മലയാളത്തിൽ നിന്നും ലൂസിഫർ 200 കോടി കളക്ഷൻ നേടിയ വാർത്ത ഒരു ഞെട്ടലോടെയാണ് ബോളിവുഡ് ആരാധകർ കേട്ടത്.
പ്രേക്ഷകർ ഇതേ ആവശ്യം ആമസോൺ പ്രൈമിന്റെ ഫെയ്സ്ബുക്ക് പേജിലും ഉന്നയിച്ചിരിക്കുകയാണ്. ചിത്രത്തിന് മലയാളം, തമിഴ് പതിപ്പ് ഉണ്ടെങ്കിലും ഹിന്ദി പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അയ്യാ, ഔറംഗസേബ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ പൃഥ്വിരാജിനും നിരവധി ആരാധകരുണ്ട്. മോഹൻലാൽ ചിത്രമായ വില്ലന്റെ ഹിന്ദി പദത്തിന് യൂട്യൂബിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തരേന്ത്യൻ പ്രേക്ഷകരുടെ താൽപര്യപ്രകാരം യൂട്യൂബിൽ ഇതിനോടകം മൊഴിമാറ്റം ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ലൂസിഫർ എന്ന പേരിൽ റിലീസ് ചെയ്തിട്ടുണ്ട്.