സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ സാന്നിധ്യമറിയിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ മകനായ അദ്ദേഹം ഇപ്പോൾ പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ കൂടിയാണ്. കെ ജി ജോർജ്ജിന്റെ ഇരകൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ആളാണ് ഗണേഷ് കുമാർ. 125ൽ പരം സിനിമകളിലും 35ൽ പരം സീരിയലുകളിലും അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. 2007-ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡ് ജേതാവായിരുന്നു അദ്ദേഹം. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഗണേഷ് കുമാർ ഇപ്പോൾ മെഗാസ്റ്റാറുകളുടെ അഭിനയമികവിനെ വിലയിരുത്തുകയാണ്. അഭിനയത്തിൽ മോഹൻലാലാണ് മമ്മൂട്ടിയെക്കാൾ മികച്ചതെന്നാണ് ഗണേഷിന്റെ അഭിപ്രായം.
അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിൽ. ഒരു ആക്ടർ എന്ന നിലയിൽ മമ്മൂക്കക്ക് നിരവധി ലിമിറ്റേഷൻസ് ഉണ്ടെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ മോഹൻലാലാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ കൺപീലികളും നഖത്തിന്റെ അറ്റം വരെ പോലും അഭിനയിക്കുമെന്നാണ് ഗണേഷ്കുമാറിന്റെ അഭിപ്രായം. അഭിനയത്തിൽ ഏത് ലെവലിലേക്ക് ഉയരുവാനും താഴാനും ഉള്ള റെയിഞ്ച് ആണ് മോഹൻലാലിന്. അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ സെൻസിലും അഭിനയം നിറഞ്ഞുനിൽക്കുന്നുണ്ട് .ഗണേഷ് പറഞ്ഞു.