പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രം ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരുന്നു.ചിത്രത്തിലെ ‘എനിക്ക് മുണ്ടുടുക്കാനും അറിയാം മലയാളത്തിൽ സംസാരിക്കാനും അറിയാം നല്ല രണ്ട് തെറി പറയാനും അറിയാം’ എന്നുള്ള ഡയലോഗിന് തിയറ്ററുകളിൽ ഏറെ വരവേൽപ്പ് ലഭിച്ചിരുന്നു. ബിഗ് സ്ക്രീനിലെ ഈ കിടിലൻ ഡയലോഗ് റിയൽ ലൈഫിൽ പറഞ്ഞിരിക്കുകയാണ് ടോവിനോ ഇപ്പോൾ.കാസർഗോഡ് ഭീമ ജൂവലറിയുടെ ഉൽഘാടനത്തിനായി എത്തിയപ്പോൾ ആയിരുന്നു ടോവിനോ സിനിമയിലെ ഈ സംഭാഷണം ആവർത്തിച്ചത്.