അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ഷംന കാസിം എന്ന പൂർണ പ്രശസ്തി നേടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ അഭിനേതാവായി തുടക്കം കുറിച്ചു. തുടർന്ന് 2004ൽ എന്നിട്ടും എന്ന മലയാള ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനിടയിൽ നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിൻ്റെ വീട്ടിൽ എത്തുന്നത്.
സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ പല പ്രാവശ്യം ഇവർ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ നടിയെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്റ്റേഷനുകളിൽ നിന്നും നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പിടികൂടിയ ഇവരെ റിമാൻ്റ് ചെയ്തതായി മരട് പോലീസ് അറിയിച്ചു.