ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ഒന്നാണ് പേളി-ശ്രീനിഷ് വിവാഹം. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പുതു പെണ്ണിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് ശ്രീനിഷ്. ശ്രീനിഷിന്റെ നാടായ പാലക്കാട് ശ്രീകൃഷ്ണപുരത്ത് പുതുപെണ്ണായി രസിച്ചു നടക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നാട്ടിലെ പറമ്പിൽ പുല്ല് ചെത്തിയും വീട്ടിലെ കുട്ടികളുടെ കൂടെ ക്യാരംസ് കളിച്ചും അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിനു പങ്കെടുത്തും ചെണ്ട കൊട്ടാൻ പഠിച്ചും പേളി നാട്ടിൻപുറത്തെ നന്മകൾ ആസ്വദിക്കുന്നു.
മെയ് അഞ്ചിന് ചൊവ്വര പള്ളിയിൽ വച്ച് ഇരുവരും ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു.
മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. നൂറു ദിവസം നീണ്ടുനിന്ന ഷോയുടെ ഫൈനൽ റൗണ്ടിൽ എത്തിയ ആ വേളയിലെങ്കിലും വിവാഹമോ വിവാഹനിശ്ചയമോ പ്രഖ്യാപിക്കുമെന്ന ആരാധകരുടെ കാത്തിരിപ്പാണ് വിവാഹത്തോടെ അവസാനിച്ചത്. ഷോ അവസാനിച്ച് ഏറെ വൈകാതെ തന്നെ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നു.