ജിബിയും ജോജുവും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.നാന വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ ഇരട്ട സംവിധായകർ ചിത്രത്തെപ്പറ്റി സംസാരിക്കുകയാണ്. മോഹൻലാലിന് വേണ്ടി എഴുതിയ ഒരു തിരക്കഥ ആയിരുന്നില്ല അതെന്നും പിന്നീട് പ്രോജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ കഥാപാത്രത്തിലും സിനിമയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും ഇരുവരും പറയുന്നു. 2017 ൽ താരം ഇട്ടിമാണിയുടെ തിരക്കഥ കേൾക്കുകയും എന്നാൽ തിരക്കുമൂലം തനിക്ക് പകരം
മറ്റൊരാളെ വെച്ച് സിനിമ ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. മോഹൻലാൽ ഇല്ലാതെ ഈ സിനിമ ഞങ്ങൾ ചെയ്യില്ല എന്ന ഉറച്ച തീരുമാനം ആയിരുന്നു ജിബിക്കും ജോജുവിനും ഉണ്ടായിരുന്നത്. അങ്ങനെ പിന്നീട് ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുകയും മോഹൻലാൽ ചിത്രത്തിലേക്ക് കടന്നു വരികയുമായിരുന്നു.
‘ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.