മലയാളികളുടെ പ്രിയ താരം മോഹനലാലിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച എല്ലാ അവസരവും സന്തോഷപൂർണമായിരുന്നു എന്ന് അറിയിക്കുകയാണ് പ്രമുഖ ഹിന്ദി താരം വിവേക് ഒബ്റോയി. ഇനിയും മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പി എം നരേന്ദ്ര മോദിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അബുദാബിയിൽ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു പ്രതികരണം ഉണ്ടായത്.
മോഹൻലാലിന്റെ ഭാഗത്തുനിന്നും മലയാളം സംസാരിച്ച് അഭിനയിക്കുവാൻ സഹായം ലഭിച്ചു എന്നും അദ്ദേഹത്തെ പറ്റി നല്ല മതിപ്പാണ് ഉള്ളതെന്നും വിവേക് വെളിപ്പെടുത്തി. മുമ്പ് കമ്പനി എന്ന ചിത്രത്തിലും ഇപ്പോൾ ലൂസിഫർ എന്ന ചിത്രത്തിലുമാണ് മോഹൻലാലിനൊപ്പം വിവേക് ഒബ്രോയി അഭിനയരംഗം പങ്കിട്ടിട്ടുള്ളത്. ലൂസിഫർ എന്ന ചിത്രത്തെ ഏറ്റെടുത്തത് പോലെ മലയാളികൾ പി എം നരേന്ദ്രമോദിയെയും ഏറ്റെടുക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.