വിനായകൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയുംമൂലം മലയാള കഥാവര്‍ത്തമാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്’ എന്ന കഥയെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ചിത്രത്തിൽ പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ ,ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങളും ഉണ്ട്. മുഴുനീള നായക വേഷത്തിൽ ഉള്ള വിനായകന്റെ ആദ്യത്തെ ചിത്രമെന്ന സവിശേഷതയും തൊട്ടപ്പനുണ്ട്.
വിനായകന്റെ ഒരു മാസ് പടം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് “ഞാൻ വരും, ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ…അതു വരും, എന്നെ ഞാനാണ് കൺട്രോൾ ചെയ്യുന്നത്.. ഷൂസ് ഇട്ട് വൈറ്റ് ഷർട്ടും ഇട്ടു ഞാൻ വരും” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മനീഷ് നാരായണന്റെ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ പറ്റി ഒന്നും പറയാൻ താൻ ആളല്ലെന്നും ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ആടിലെ ദിൽമാൻ ഇടക്കൊച്ചി എന്ന ഡ്യൂഡ് നായകനാകുന്ന സ്പിൻ ഓഫ്,ആടിന്റെ മൂന്നാം ഭാഗം എന്നിവയൊക്കെ ചർച്ചയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.