മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ ചട്ടയും മുണ്ടും ഉടുത്ത് നിൽക്കുന്ന രസകരമായ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.പോസ്റ്റർ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ കോമഡിയുടെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ രസിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.