മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ തിയേറ്ററുകളിൽ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. നെൽസൺ ഐപ്പ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചൈന, ഉക്രൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക.
നിർമ്മാതാവ് നെൽസൺ ഐപ്പും ബിഡ് സിനിമാസിന്റെ സി ഇ ഒ ജീവൻ എയ്യാലും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഉടമ്പടി വെച്ചതോടെയാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത മലയാള പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രം മമ്മൂട്ടിയുടെ മാസ് രംഗങ്ങളാലും കോമഡി രംഗങ്ങളാലും സമൃദ്ധമാണ്. കുടുംബപ്രേക്ഷകരേയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം വലിയ വിജയമായി തീർന്നിരിക്കുകയാണ്.