‘ഫിക്സർ’ എന്ന വെബ് സീരീസ് ചിത്രീകരണത്തിനിടെ ഷൂട്ടിംഗ് സംഘത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ മലയാളി ഛായാഗ്രഹകൻ സന്തോഷ് തുണ്ടിയിലിന് പരിക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ ആക്രമണത്തിൽ സംവിധായകനടക്കം ഒൻപത് പേർക്കാണ് പരിക്കേറ്റത്. താനെയിലെ ഫാക്ടറിയിൽ ആയിരുന്നു ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്നത്. ചിത്രീകരണത്തിനിടയിൽ മാരകായുധങ്ങളുമായി ലൊക്കേഷനിലേക്ക് ഒരുകൂട്ടം ആളുകൾ എത്തുകയായിരുന്നു.
സന്തോഷ് തുണ്ടിയിലിന് പരിക്കേറ്റത് നടി മഹി ഗില്ലിനെതിരെയുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ്. വാനിറ്റി വാനിൽ നിന്നും താരത്തെ പെട്ടെന്ന് കാറിലേക്ക് മാറ്റുകയായിരുന്നു. അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തുന്നത് എന്ന് പറഞ്ഞ് അക്രമികൾ വാൻ തല്ലി തകർത്തു.എന്നാൽ അനുമതി വാങ്ങിയതിനു ശേഷമാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.