വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.
വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രഫി തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ നിരവധി പേർ വിമർശനവുമായും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദമ്പതികൾ.
‘‘എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’– ഋഷികാർത്തിക് പറഞ്ഞു