പ്രശസ്ത തിരക്കഥാകൃത്തും അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ സച്ചി അന്തരിച്ചു. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അൻപത് വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സർജറികൾ ആവശ്യമായിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായിയെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്.
സേതുവിനൊപ്പം ചോക്ലേറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് സച്ചി സിനിമ രംഗത്തേക്ക് കടന്ന് വന്നത്. റൺ ബേബി റണാണ് ആദ്യ സ്വതന്ത്ര തിരക്കഥ. ചേട്ടായീസിലൂടെ നിർമ്മാതാവായും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. 2015ലാണ് അനാർകലിയിലൂടെ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചത്. ഈ വർഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും സൂപ്പർഹിറ്റായിരുന്നു