ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തീയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയിൽ കാട്ടാളൻ പൊറിഞ്ചു ആയി തകർത്തഭിനയിച്ച ജോജു ജോർജ് ഇപ്പോൾ പ്രശംസകളുടെ നിറവിലാണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജുവിന് ഏറ്റവും കൂടുതൽ പ്രശംസ നേടിക്കൊടുത്ത ചിത്രം ആയി മാറിക്കഴിഞ്ഞു പൊറിഞ്ചു മറിയം ജോസ്. ജോജു ഈ കഥാപാത്രത്തിനു ജീവൻ പകർന്നത് അത്ര ഗംഭീരമായ രീതിയിൽ ആണ്.
കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെ കുറിച്ച് അറിഞ്ഞപ്പോഴും ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോഴും തനിക്ക് നിറയെ സംശയങ്ങൾ ആയിരുന്നുവെന്നും ഇത്ര പരുക്കനും അതേ സമയം സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവനുമായ പൊറിഞ്ചുവിന് ഏതു തരം ശരീര ഭാഷയാണ് കൊടുക്കേണ്ടത് എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സംശയം എന്നും ജോർജ് പറയുന്നു. ഈ സംശയം സുഹൃത്തായ ശ്യാം പുഷ്കരനോട് പറഞ്ഞപ്പോൾ രണ്ടു ചിത്രങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അത് രണ്ടും മമ്മൂട്ടി ചിത്രങ്ങൾ ആയിരുന്നു. അടിയൊഴുക്കുകളും മഹായാനവും. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരിക്കൻ കഥാപാത്രങ്ങൾ അഭിനയിച്ച നടന്മാരിൽ ഒരാൾ മമ്മൂട്ടി ആണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രവും തനിക്ക് കാട്ടാളൻ പൊറിഞ്ചുവിനെ അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ സഹായകമായി എന്നും ജോജു പറയുന്നു. അതുപോലെ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചപ്പോൾ ലാലേട്ടന്റെ കിരീടവും സ്ഫടികവും ആയിരുന്നു മനസ്സിൽ എന്നും താരം പറയുന്നു.