ഏറെക്കാലമായി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ.
ചിത്രത്തിന്റെ ടീസറിന് വേണ്ടി ആരാധകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ടീസർ ഉടൻ പുറത്ത് വിടും എന്ന് അജു വർഗീസ് പറഞ്ഞിരുന്നു എങ്കിലും കൃത്യമായ ഒരു തിയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല.
ഇപ്പോൾ ഇതാ ഒടുവിൽ ചിത്രത്തിന്റെ ടീസർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് അജു വർഗീസ്.നാളെ വൈകുന്നേരം 7 മണിക്ക് ആണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുക.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും പ്രണവ് മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുക.ഇത് ആദ്യമായാണ് പ്രണവ് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജ് വഴി പ്രണവിന്റേത് അല്ലാത്ത ഒരു ചിത്രത്തിന്റെ ടീസറോ ട്രെയിലറോ പുറത്ത് വിടുന്നത്.
നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.