മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയ്ക്ക് തുടക്കമായി. രഞ്ജീത് കമല ശങ്കർ,സലീൽ വി എന്നി രണ്ട് പേർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇപ്പോൾ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിക്കുകയുണ്ടായി. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്. മഞ്ജു, സണ്ണി എന്നിവരെ കൂടാതെ അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മജുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയ ‘ഫ്രഞ്ച് വിപ്ലവ’മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജിഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂണി’ല്‍ അതിഥിവേഷത്തിലും സണ്ണി എത്തിയിരുന്നു. രാജു മുരുകന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം ‘ജിപ്സി’, മലയാളത്തില്‍ ഗൗതമി നായരുടെ വൃത്തം, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയിലും സണ്ണി വെയ്ന്‍ എത്തുന്നുണ്ട്.
അതേസമയം തമിഴ് ചിത്രമായ ‘അസുരനാ’ണ് മഞ്ജു വാര്യരുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റചിത്രമായ ‘അസുരന്’ വന്‍ വിജയമാണ് നേടിയത്. വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിന്റെ ജോഡിയായിരുന്നു മഞ്ജുവിന്റെ കഥാപാത്രം.റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പ്രതി പൂവൻ കോഴിയാണ് മഞ്ജുവിന്റെ അടുത്ത റിലീസ് ചിത്രം.