കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികൾ ഉള്ള ഇടമേതെന്ന് ചോദിച്ചാൽ നിസംശയം മിഡിൽ ഈസ്റ്റ് എന്നേ ഏവരും പറയൂ. മലയാളികളുടെ ആ സ്വർഗത്തിൽ നിന്നും കോമഡിയും പ്രണയവും നിറഞ്ഞൊരു വെബ് സിനിമ എത്തുന്നു. വൈറൽ ഗ്രിഡ് ക്രിയേഷൻസിന്റെ ബാനറിൽ വിഷ്ണു ഗോപി രചനയും സംവിധാനവും നിർവഹിച്ച ഒരു അറേബ്യൻ പ്രണയകഥ എന്ന വെബ്സിനിമ നിങ്ങളിലേക്കെത്തുന്നു.
ഫീച്ചർ സിനിമയുടെ മാതൃകയിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു കോമഡി, റൊമാന്റിക് ത്രില്ലറായിരിക്കും. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ദീപു നായരാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരേയൊരു ഗാനം സംവിധായകനായ വിഷ്ണു തന്നെ രചനയെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശബ്ദമാധുര്യവും ആലാപനശൈലിയും കൊണ്ട് പ്രശസ്തനായ യുവഗായകൻ ഷൈൻ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തൊണ്ണൂറ് കാലങ്ങളിലെ പഴയകാല റൊമാന്റിക് സിനിമകളിലെ നിഷ്കളങ്ക പ്രണയത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ഈ കൊച്ചു സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നും ആദ്യമായാണ് ഇത്തരമൊരു പശ്ചാത്തലത്തിലുള്ള വെബ്സിനിമ പുറത്തിറങ്ങുന്നത്.
യൂട്യൂബിൽ റിലീസ് ആകുന്ന ചിത്രത്തിന്റെ ട്രെയിലറിനും സോങ്ങിനും ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നീണ്ടകാലത്തെ പരിശ്രമത്തിനോടുവിലാണ് ഒരു കൂട്ടം കലാകാരന്മാർ അണിനിരന്ന ഈ കൊച്ചു സിനിമ പൂർത്തിയായിരിക്കുന്നത്.
മലബാറി കഫേ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതനായ വിജിൽ ശിവനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഒപ്പം ദീപ്തി പ്രകാശ്, ഷഫാസ് ബഷീർ, ദിലീപ് കുമാർ, സജി പട്ടത്തിൽ, ശരണ്യ സജി, റംഷാദ് അലി എന്നിവരും വേഷമിട്ടിരിക്കുന്നു. ശബ്ദനിർവ്വഹണം അനൂപ് തോമസ്, പ്രോഗ്രാമിങ് പ്രിൻസ് റെക്സ്, ടൈറ്റിൽ പ്രജീഷ് വടകര.