മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോവിനോ തോമസ്.കഥ പറഞ്ഞും സെൽഫിയെടുത്തും താരം കുട്ടികൾക്കൊപ്പം ആർത്തുല്ലസിച്ചു.അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന വഴികളെകുറിച്ച് വിദ്യാർഥികളിൽനിന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ അവയ്ക്കെല്ലാം ചിരിയിൽ പൊതിഞ്ഞ ഉത്തരങ്ങൾ ടോവിനോ നൽകി.എന്തായിതീരണമെന്ന് ആഗ്രഹിക്കുന്നുവോ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.ചേട്ടന്റെ പാത പിന്തുടർന്ന താരം ചേട്ടൻ പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്തതുകൊണ്ട് അതെടുക്കുകയും ചേട്ടൻ എൻജിനീയറിങ് തിരഞ്ഞെടുത്തപ്പോൾ ആ വഴിയെയും പോയി.
അതിനിടയിലെവിടെയൊ സിനിമ തന്നെ കൊതിപ്പിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സ്വന്തമായൊരു തൊഴിൽ നേടുന്നതിന് മുൻപ് അഭിനയ മോഹം വീട്ടിൽ അറിയിക്കാൻ ഭയമായിരുന്ന ടൊവിനോ സിനിമയിൽ യാതൊരു മുൻപരിചയവുമില്ലാതെ വെള്ളിത്തിരയുടെ ഭാഗമാകാൻ ഇറങ്ങിത്തിരിച്ചു.ശ്രമിച്ചുനോക്കാതെ പിൻമാറില്ലെന്ന വാശിയാണ് അദ്ദേഹത്തെ നടനാക്കിയത്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള മനസ്സ് കൈവിടാതെ സൂക്ഷിക്കണം. അതാകണം എറ്റവും വലിയ കൈമുതൽ എന്ന ഉപദേശവും ടോവിനോ കുട്ടികൾക്ക് നൽകി.മാതൃഭൂമി ക്ലബ്ബ് എഫ്.എം. സംഘടിപ്പിച്ച പാഠം ഒന്ന് ഒരു കൈസഹായം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് കോഴിക്കോട് സെയ്ന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.