മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ .ഹൊറർ ചിത്രമായി ഒരുക്കിയ ആകാശഗംഗ രണ്ടാംഭാഗം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ഏപ്രിൽ 24ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
ആകാശഗംഗയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് റിയാസ്.സൂപ്പർഹിറ്റായ ചിത്രമായിരുന്നുവെങ്കിലും റിയാസിനെ പിന്നീട് പ്രേക്ഷകർ കണ്ടില്ല. ആകാശഗംഗ 2 വിലൂടെ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിവന്നിരിക്കുകയാണ് റിയാസ്.
ആകാശഗംഗയുടെ രണ്ടാംഭാഗം വരുമെന്നും അതിൽ എനിക്ക് അവസരം ലഭിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലു കരുതിയില്ല. വിനയൻ ചേട്ടനെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും ചാൻസ് ചോദിച്ചിട്ടില്ല. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്തെങ്കിലും അവസരമുണ്ടെങ്കിൽ അദ്ദേഹം വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. രണ്ട് മാസം മുൻപാണ് വിനയൻ ചേട്ടൻ വിളിച്ച് ആകാശഗംഗയുടെ കാര്യം പറയുന്നത്. ഞാൻ ഞെട്ടിപ്പോയി. അതൊരു വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമാണ്- റിയാസ് പറഞ്ഞു.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു.ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.