പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ആളും തീ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഷർഫുവിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. ‘പൃഥ്വി ചേട്ടന്റെയും സുരാജ് ചേട്ടന്റെയും ഒരു കിടിലൻ സിനിമ തന്നെ ആകട്ടെ ഇത് എന്ന് ആശംസിക്കുന്നു’, ‘പാട്ടിൽ രാജുവേട്ടൻ ഇല്ലെങ്കിലും പടം ഫുൾ രാജുവേട്ടൻ സ്കോർ ചെയ്യും’ എന്നിങ്ങനെ പോകുന്നു ഗാനത്തിന് ലഭിച്ചിരിക്കുന്ന കമന്റുകൾ. അതേസമയം, ഈ പാട്ട് സെക്കൻഡ് പാർട്ടിലെ ആണോ എന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഖിൽ ജെ ചന്ദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ഷെഡ്യൂളിൽ മംമ്ത മോഹൻദാസും ഉണ്ടായിരുന്നു. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ജനഗണമന’. ഇവരെ കൂടാതെ ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസു, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യുസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
‘ജനഗണമന’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗാനരംഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന രംഗങ്ങളാണ് ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രയിലറിനും വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗ് ടീസർ പുറത്തിറങ്ങിയപ്പോൾ വൈറലായപ്പോൾ ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗ് ആയിരുന്നു ട്രയിലർ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തത്.