മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ആറാട്ട് തിയറ്ററുകളിൽ വിജയകരമായ പ്രദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് ഒ ടി ടിയിൽ റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ സീനുകളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അറുപത്തിയൊന്നാം വയസിലും എനർജിയോടെ ഫൈറ്റ് സീനിൽ ഏറ്റുമുട്ടുന്ന മോഹൻലാലാണ് മേക്കിംഗ് വീഡിയോയിൽ ഉള്ളത്. യുട്യൂബിൽ റിലീസ് ചെയ്ത മേക്കിംഗ് വീഡിയോ ആരാധകർ ഏറ്റെടുത്തു. ‘ഏത് അഭിനയം കൊണ്ട് ആയാലും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരേ ഒരു പ്രതിഭ അതാണ് നമ്മടെ ലാലേട്ടൻ’, ‘എനർജി ലെവൽ ആൻഡ് ഡെഡിക്കേഷൻ’ അങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണ ആയിരുന്നു തിരക്കഥ എഴുതിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആറാട്ട് സിനിമയിലെ ഫൈറ്റ് സീനുകളുടെ നാലാമത്തെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വൻ സ്വീകരണമാണ് മേക്കിംഗ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി തിളങ്ങിനിന്ന മോഹൻലാൽ ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനം നടത്തുന്നത് മേക്കിംഗ് വീഡിയോയിൽ കാണാം.
ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കെ ജി എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യമായത്. ലോകമെങ്ങും 2700 സ്ക്രീനുകളിലാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ റിലീസ് ചെയ്തത്.