കോവിഡ് പ്രതിസന്ധിയെ മറികടന്ന് തീയറ്ററുകൾ വീണ്ടും സജീവമായതോടെ പ്രേക്ഷകരും തീയറ്ററുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുകയാണ്. ഏകദേശം എട്ടോളം ചിത്രങ്ങളാണ് ഈ സീസണിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. പാർവതി തിരുവോത്തും ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’നാളെ റിലീസിനെത്തുന്നു. ചിത്രം മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്നാണ്. സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ബിജുമേനോന്റെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.
സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന അനുഗ്രഹീതൻ ആന്റണിയാണ് നാളെ തീയറ്ററുകളിൽ എത്തുന്ന മറ്റൊരു ചിത്രം. തമിഴിൽ ഒരു പിടി നല്ല സിനിമകൾക്ക് ശേഷം ഗൗരി കിഷൻ മലയാളത്തിലേക്ക് നായികയായി വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ഹരിശങ്കർ കെ എസ് ആലപിച്ച സമൂഹ മാധ്യമങ്ങളിൽ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്.
ഫഹദ് ഫാസിൽ നായകനായ ഇരുൾ, കാർത്തി നായകനായ തമിഴ് ചിത്രം സുൽത്താൻ[ഏപ്രിൽ 2], കുഞ്ചാക്കോ ബോബൻ – നയൻതാര ചിത്രം നിഴൽ [ഏപ്രിൽ 7], മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം ചതുർമുഖം [ഏപ്രിൽ 8], ധനുഷ് ചിത്രം കർണൻ [ഏപ്രിൽ 9], രജിഷ വിജയൻ ചിത്രം ഖൊ ഖോ [ഏപ്രിൽ 14] എന്നിവയാണ് ഈ സീസണിൽ എത്തുന്ന ചിത്രങ്ങൾ.