ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി ചിത്രമൊരുക്കാൻ ആഷിഖ് അബു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ കഴിഞ്ഞ ദിവസം നടന്നു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന് ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. ആഷിഖ് അബുവിന്റെ വാക്കുകളിലൂടെ..
കുറച്ചുനാളായി ഷാരൂഖിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഷാരൂഖ് ഖാന് അമേരിക്കയില്‍ നിന്നെത്തിയത്. മുംബൈയിലെ വീടായ മന്നത്തില്‍ രണ്ടരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശ്യാം പുഷ്കരന്റെ രചനയിലാണ് സിനിമ. 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ആലോചിക്കുന്നത്.
വൈറസിന് ശേഷം ഉണ്ണി ആര് എഴുതിയ കഥയെ ആധാരമാക്കി പെണ്ണും ചെറുക്കനും എന്ന ഹ്രസ്വിത്രം ആഷിക് അബു പൂര്‍ത്തിയാക്കിയിരുന്നു. രാജീവ് രവി, വേണു, ജെ കെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ആന്തോളജിയിലാണ് ഈ ചിത്രം ഉള്‍പ്പെടുന്നത്. റോഷന് മാത്യുവും ദര്‍ശനാ രാജേന്ദ്രനുമാണ് ഈ ചിത്രത്തില്‍ നായികാനായകന്മാര്. മലയാളത്തിലെ യാതൊരു ചിത്രത്തിന്റെയും റീമേക്ക് ആയിരിക്കില്ല ഷാരൂഖ് ഖാൻ ചിത്രമെന്നും ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു പറഞ്ഞു.