പ്രളയ ദുരന്തത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ നമ്മെ വിട്ടുപിരിഞ്ഞ ഒരു വ്യക്തിയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ്. അദ്ദേഹത്തെ തേടി ഇപ്പോൾ വിശ്വശാന്തിയുടെ സഹായഹസ്തം എത്തിയിരിക്കുകയാണ്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.
നേരത്തെ പ്രളയത്തിൽ വിട പറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി എത്തിയ മോഹൻലാൽ റസാക്കിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ച് സാന്ത്വനമേകാനും മറന്നില്ല. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു റസാഖിന്റെ മരണം. ഗൾഫിൽ ജോലിയുള്ള അദ്ദേഹം മടങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. കുട്ടികളെ രക്ഷിച്ചതിനു ശേഷം അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.