കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു കിരണ്‍. ഭാര്യ വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് കിരണ്‍ കുമാര്‍ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പിരിച്ചുവിടയും ആയിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് തീരുമാനം പ്രഖ്യാപിച്ചത്.
1960-ലെ കേരള സിവില്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഭാര്യ വിസ്മയയുടെ മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കിരണിന് ഇനി തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി ഇതാദ്യമാണ്.
കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തില്‍ ജാമ്യത്തിന് അവകാശമില്ലെന്നും സെഷന്‍സ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.