സിനിമകളിലും സീരിയലുകളിലുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിരിക്കുന്നത് സ്വാസികയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടന് റോഷന് മാത്യുവും സ്വാസികയുമാണ് മോഷന്‍ പോസ്റ്ററില്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. നടി സ്വാസിക പങ്കുവച്ച മോഷന്‍ പോസ്റ്ററിന് താഴെ നിരവധി സദാചാര കമന്റുകളാണ് വരുന്നത്. അതില്‍ ഒന്നിന് സ്വാസിക നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
‘ആണുങ്ങളെ മാത്രമാണോ സിനിമ കാണാന്‍ ഉദ്ദേശിക്കുന്നതെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു കമന്റ്. ഇതിന് സ്വാസിക കൃത്യമായ മറുപടി നല്കി. ‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം. അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര് മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല’, സ്വാസിക പറഞ്ഞു.
2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രമാണ് ചതുരം. ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്.