നിവിന്‍ പോളി നായകനായി എത്തിയ എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച എന്‍.ഡി പ്രസാദി(43)നെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി കാവുങ്ങല്‍പറമ്പില്‍ വീട്ടില്‍ പ്രസാദിനെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെയാണ് പ്രസാദ് ശ്രദ്ധേയനായത്. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച പൊലീസ് കഥാപാത്രമായ ബിജു പൗലോസിനെ പിന്നില്‍ നിന്ന് കുത്തുന്ന ഒരു രംഗമുണ്ട്. ആ രംഗത്തില്‍ അഭിനയിച്ചത് പ്രസാദായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് പുറമേ ഇബ, കര്‍മാനി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്ങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. മയക്കുമരുന്ന് കേസിലും പ്രതിയാണ്.