മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത പുഴുവിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ബ്രാഹ്മണ സമുദായത്തെയാകെ മോശക്കാരാക്കാനുള്ള സ്ഥാപിത താത്പര്യം ചിത്രത്തിന് പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പിന്നോക്ക ജാതി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ജാതി അധിക്ഷേപത്തിനെതിരെ ചിത്രത്തിലെ കുട്ടപ്പന് എന്ന കഥാപാത്രം പ്രതികരിക്കുന്ന സീനാണ് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിച്ചത്. ആ സീനില്‍ കുട്ടപ്പന് പറയുന്നത് വേണമെങ്കില്‍ എസ്.സി, എസ്.ടി ആക്ടിന്റെ പേരില്‍ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കേസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മമ്മൂട്ടിയുടേയും പാര്‍വതിയുടേയും അഭിനയത്തെ രാഹുല്‍ ഈശ്വര്‍ അഭിനന്ദിച്ചു.
മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പക്ഷെ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ടെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.