മലയാള സിനിമയുടെ ‘റോക്ക്’ എന്ന വിളിപ്പേരുള്ള അബു സലിം യുവതാരങ്ങളായ ഉണ്ണി മുകുന്ദനും ടോവിനോ തോമസിനും നൽകിയ പുതിയ വെല്ലുവിളി ശ്രദ്ധേയമായിരിക്കുകയാണ്. പുഷ് അപ്പ് ചലഞ്ചാണ് താരം നൽകിയിരിക്കുന്നത്. വീഡിയോ സഹിതം പോസ്റ്റ് ചെയ്ത അബു സലിം ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ ഓരോ ചെറുപ്പക്കാരേയും വെല്ലുവിളിച്ചിട്ടുണ്ട്. അബുക്കാസ് ചലഞ്ച് എന്ന ഹാഷ്ടാഗോട് കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
1978ൽ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയ വ്യക്തിയാണ്. 1992ൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. 1983, 1986, 1987 എന്നിങ്ങനെ മൂന്നുവട്ടം മിസ്റ്റർ സൗത്ത് ഇന്ത്യയായ അദ്ദേഹം 1982ൽ മിസ്റ്റർ കേരള പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. പോലീസ് ഓഫീസറായിരുന്ന അബു സലിം 2012ൽ സബ് ഇൻസ്പെക്ടറായിട്ടാണ് വിരമിച്ചത്.