തന്നെ ഇനിമുതൽ ‘തല’ എന്ന് വിളിക്കരുതെന്ന് നടൻ അജിത്ത്. ആരാധകർ സ്നേഹത്തോടെ വർഷങ്ങളായി അജിത്തിനെ തല എന്നാണ് വിളിക്കുന്നത്. ദളപതി, ഇളയദളപതി, മക്കൾസെൽവൻ, സ്റ്റെൽമന്നൻ എന്നു തുടങ്ങി നിരവധി പേരുകളാണ് സൂപ്പർതാരങ്ങൾക്ക് ആരാധകർ നൽകിയിട്ടുള്ളത്. അത്തരത്തിൽ അജിത്തിന് ആരാധകർ നൽകിയ പേരാണ് തല. എന്നാൽ, തന്നെ ഇനിമുതൽ തല എന്ന് വിളിക്കരുതെന്നാണ് അജിത്തിന്റെ അഭ്യർത്ഥന.
പി ആർ ഒ സുരേഷ് ചന്ദ്ര വഴിയാണ് അജിത്ത് അപേക്ഷയുമായി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ അജിത്ത് സജീവമല്ല. തല എന്ന വിശേഷണം തന്റെ പേരിനൊപ്പം ചേർക്കരുതെന്നാണ് അപേക്ഷയിൽ അജിത്ത് അഭ്യർത്ഥിക്കുന്നത്.
‘ബഹുമാനപ്പെട്ട മാധ്യമങ്ങളോടും പൊതുജനങ്ങളോടും എന്റെ യഥാർത്ഥ ആരാധകരോടും ഇനിമുതൽ എന്നെ അജിത്, അജിത് കുമാർ അല്ലെങ്കിൽ വെറും എകെ എന്ന് വിളിക്കുക. തല എന്ന വിശേഷണം ഇനിമുതൽ എന്റെ പേരിനൊപ്പം ചേർക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ. സ്നേഹത്തോടെ അജിത്ത്’ – സുരേഷ് ചന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
— Suresh Chandra (@SureshChandraa) December 1, 2021