ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തെന്നിന്ത്യൻതാരം അജിത്ത് കുമാറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ആയത്. തിയറ്ററിൽ ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ എത്തി. ചിത്രത്തിലെ നായികയായ ഹുമ ഖുറേഷി ആണ് ഈ സന്തോഷവാർത്ത ട്വിറ്റർ മുഖേന പങ്കുവെച്ചത്. ആഗോള ബോക്സ് ഓഫീസിൽ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
ശ്രദ്ധേയ സംവിധായകൻ എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. റെക്കോർഡ് തുകയാണ് റിലീസ് ദിവസം ചിത്രം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തമിഴ്നാട്ടിൽ നിന്ന് മാത്രം ലഭിച്ചത് 36.17 കോടി രൂപയാണ്. ചിത്രം ചെന്നൈയിൽ നിന്ന് മാത്രം 1.82 കോടി നേടി. നേരത്തെ 2021 ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ് റെക്കോർഡ് തുക ലഭിച്ചത്. ഇപ്പോൾ, മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് വലിമൈ.
അജിത്തിന്റെ കരിയറിൽ തന്നെ ആദ്യമായാണ് ഇത്ര വേഗത്തിൽ 100 കോടി ക്ലബിൽ എത്തുന്നത്. അജിത്തിന്റെ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തിയത്. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രമെത്തി. ചിത്രത്തിന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. മലയാളി താരങ്ങളാൽ പേളി മാണി, ദിനേഷ് പ്രഭാകർ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നെന്ന പ്രത്യേകതയും വലിമൈയ്ക്കുണ്ട്. സംഗീത സംവിധാനം – യുവാൻ ശങ്കർരാജ, ഛായാഗ്രഹണം – നിരവ് ഷാ, ചിത്രസംയോജനം – വിജയ് വേലുക്കുട്ടി.
Woo hoo ! Thank you for all the love #Valimai #AjithSir @BoneyKapoor pic.twitter.com/Vl8OLu32pQ
— Huma S Qureshi (@humasqureshi) February 27, 2022