വാഹനലോകത്തെ ബിഗ് ബിയെ വരവേറ്റ് നടനും സംവിധായകനുമായ ലാലിന്റെ കുടുംബം. മകൾ ജീൻ പോൾ ലാലിന് ഒപ്പം എത്തിയാണ് ബി എം ഡബ്ല്യു എക്സ് 7 താരം സ്വന്തമാക്കിയത്. ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് എക്സ് 7ന്റെ ഡീസൽ പതിപ്പായ 30 ഡിയുടെ ഡി പി ഇ സിഗ്നേച്ചർ എഡിഷൻ സ്വന്തമാക്കിയത്. ഇതിന്റെ എക്സ് ഷോറൂം വില 1.15 കോടി രൂപയാണ്. അതേസമയം, ഈ വാഹനത്തിന്റെ ഓൺറോഡ് വില 1.46 കോടി രൂപയാണ്.
ഇന്ത്യയിലെ ആഡംബര എസ് യു വികൾക്ക് പുതിയ തലം നൽകിയ വാഹനമാണ് ബി എം ഡബ്ല്യു എക്സ് 7. ഈ വാഹനം രണ്ടുവർഷം മുമ്പാണ് വിപണിയിൽ എത്തിയത്. സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ എന്ന പേരിലാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. ബി എം ഡബ്ല്യു ലൈനപ്പിലെ ഏറ്റവും വലിയ എസ് യുവി കൂടിയാണ് എക്സ് 7. പെട്രോൾ, ഡീസൽ എൻജിൻ മോഡലുകൾ ഈ വാഹനത്തിനുണ്ട്.
ലാൽ സ്വന്തമാക്കിയ വാഹനമായ ബി എം ഡബ്ല്യു എക്സ് 7 ഡീസൽ പതിപ്പിൽ 265 ബി എച്ച് പി കരുത്തും. 620 എൻ എം ടോർക്കുമുളള മൂന്ന് ലിറ്റർ എഞ്ചിനാണ്. ട്രാൻസ്മിഷൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ്. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. ആഡംബരത്തിന് മാത്രമല്ല സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വാഹനമാണ് എക്സ് 7.