ഷെയിൻ നിഗവുമായ ബന്ധപ്പെട്ട വിവാദത്തിൽ സിനിമ പ്രവർത്തകർക്കിടയിലെ കഞ്ചാവ് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ചർച്ച ആയതോടെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ഷെയിനെ വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു. അതിനൊപ്പം സിനിമാ മേഖലയില്‍ വ്യാപകമായി മയക്ക് മരുന്നുകളുടെ ഉപയോഗം ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണ് നടനും അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. മനോരമ ന്യൂസിനോടാണ് താരത്തിന്റെ പ്രതികരണം.
കേരള പോലീസ് ഇതില്‍ അന്വേഷണം നടത്തിയാല്‍ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ കുടുങ്ങും. ഫോണ്‍ വിളിച്ചാല്‍ പോലും പല ആര്‍ട്ടിസ്റ്റുകളും എടുക്കാറില്ല. നിര്‍മാതാക്കളുടെ സംഘടന പറഞ്ഞ കാര്യം സത്യമാണ്. ഓരോരുത്തരുടെ പെരുമാറ്റം കണ്ടാല്‍ അറിയാം. ഇതൊരു പാഷന് ആയി മാറിയിരിക്കുകയാണ്. കഞ്ചാവ് ഒക്കെ വിട്ട് അതിലും വലിയ തലത്തിലേക്ക് കാര്യങ്ങള്‍ പോയി. ന്യൂജെന്‍ സിനിമയില്‍ ഇതുവേണമെന്ന് പറയുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവന് ഒന്നിനും കൊള്ളില്ലെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ മാത്രമായി സിനിമ ചെയ്യുന്നവരുണ്ട്.
എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ ഷൂട്ടിങിന് വേണ്ടി ഞാന്‍ ലൊക്കേഷനില്‍ എത്തി. പന്ത്രണ്ട് മണി വരെ കാത്ത് നിന്നും ഷൂട്ട് തുടങ്ങിയില്ല. പിന്നെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് വന്ന് ഇന്ന് ഷൂട്ട് ഉണ്ടാവില്ലെന്ന് പറയുന്നത്. അന്വേഷിച്ചപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കേണ്ട നടന് വന്നിട്ടില്ല. അദ്ദേഹം വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. പതിനൊന്ന് മണിയ്ക്കാണ് ഫോണ്‍ എടുത്ത് വരാന്‍ പറ്റില്ലെന്ന് പറയുന്നത്. അങ്ങനെയാണ് സിനിമ. ഒരു നിര്‍മാതാവിന്റെ ചങ്ക് ഇടിക്കുന്ന കാര്യമാണിത്.
ഷൂട്ട് നടക്കേണ്ട രാവിലെ ഒരു നടന് വിളിച്ച് ഞാന്‍ വരില്ലെന്ന് പറയുന്നു. ഇതൊക്കെ ഇപ്പോള്‍ ഉണ്ടായ കീഴ്വഴക്കമാണ്. ഇത് നിര്‍ത്തേണ്ട സമയമായി. ഇതെല്ലാം ലഹരി കാരണമാണ്. കള്ള് കുടിക്കുന്നത് പോലെയല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. നടന്മാര് മാത്രമല്ല നടിമാര്‍, എഴുത്തുകാര്‍, സംവിധായകന്മാര്, സിനിമ മേഖലയിലുള്ള എല്ലാവരും തന്നെ ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്.
ഷെയിന്റെ കാര്യത്തില്‍ പ്രശ്നം ഒത്തു തീര്‍പ്പ് ആവുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് ഷെയിന്‍ അമ്മയില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന പലരും അമ്മയില്‍ അംഗങ്ങള്‍ അല്ല. അവര്‍ക്ക് സംഘടനയുടെ ഭാഗമാവാന്‍ താല്പര്യമില്ല. ഷെയിന്റെ വീഡിയോ കണ്ടാല്‍ പലര്‍ക്കും അത് മനസിലാവും. ഈ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ട്.