വില്ലനായാണ് മലയാള സിനിമയിൽ എത്തിയതെങ്കിലും പിന്നീട് മികച്ച വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ബാബുരാജ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷമാണ് നടനെന്ന നിലയില്‍ ബാബുരാജ് ശ്രദ്ധ നേടിയത്. ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ ‘ഹൽചൽ’ എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ‘മനുഷ്യമൃഗം’ എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. കൂദാശ എന്ന സിനിമയിലെ മെത്രാൻ ജോയ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ബാബുരാജിൻ്റെ അഭിനയം നിരൂപക പ്രശംസ നേടിയതാണ്. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിൽ അഭിനയിച്ചു.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം 2002-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയായ വാണി വിശ്വനാഥിനെ വിവാഹം ചെയ്തു. ആദ്യ ഭാര്യയിലെ മക്കളാണ് അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും ബാബുരാജിന് രണ്ട് മക്കളാണ് – ആർച്ച, ആരോമൽ. അവസാനമായി പുറത്തിറങ്ങിയ ജോജി, കൂമൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. അൽഫോൻസ് പുത്രേൻ ചിത്രം ഗോൾഡാണ് ബാബുരാജിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സിനിമകളിലെ ഫൈറ്റുകളെ കുറിച്ച് താരം മനസ്സ് തുറക്കുകയാണ്.
“സ്റ്റണ്ട് ഡയറക്ടര്‍ ഇല്ലാതെ നമ്മള് ചെയ്യുമ്പോള്‍ അത് കുറച്ചു റിയലിസ്റ്റിക് ആകും. ‘ജോജി’യിലെ ക്ലൈമാക്സ് സീനിലും മാസ്റ്റര്‍ ഒന്നുമില്ലാതെ താന്‍ തന്നെ ചെയ്തതാണ്. കുറെ നാള് ഇടികൊണ്ട് പതം വന്ന ശരീരമാണല്ലോ. അത് ഇപ്പോള്‍ ഗുണം ചെയ്യുന്നു. പണ്ടൊക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. ചില മാസ്റ്റര്‍മാര്‍ വന്നിട്ട് റിയലിസ്റ്റിക് ആയി ചെയ്യണം എന്ന് പറയും. അപ്പൊ ആ പഞ്ച് ഒക്കെ നമ്മുടെ ദേഹത്ത് കിട്ടും. പാഡ് ഒക്കെ വച്ചാലും നമുക്ക് കിട്ടുന്നത് വേദനിക്കും. പണ്ട് ഫിലിമില്‍ ഷൂട്ട് ചെയ്യുന്നതു കൊണ്ട് റീടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു നിന്നു കൊടുക്കുക ഇടി കൊള്ളുക വീഴുക അത്രേ ഉള്ളൂ.”
“താനും ഭീമന് രഘു ചേട്ടനും വില്ലന്മാരായി തുടരെ അഭിനയിച്ചു കൊണ്ടിരുന്ന കാലമുണ്ട്. ഷാജി കൈലാസിന്റെയോ ജോഷി സാറിന്റെയോ പടമൊക്കെ വരുമ്പോള്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഇടി കൊള്ളുവായിരിക്കും. വൈകിട്ട് വന്നു ചൂടുവെള്ളത്തില്‍ കീഴില്‍ ഒന്ന് നിന്നാലാണ് ഒന്ന് നിവര്‍ന്ന് നില്ക്കാന് കഴിയുക. ഇപ്പോള്‍ കാലവും ടെക്നോളജിയും മാറി, ടേക്ക് എത്ര പോകുന്നതിനും പ്രശ്നമില്ല. നന്നായിട്ട് കൊണ്ടാല്‍ നന്നായി കൊടുക്കാനും പറ്റും. ലാലേട്ടന്റെ പടത്തിന്റെ മെച്ചം അതാണ്. ലാലേട്ടന് നന്നായി ഇടി കൊള്ളും, അതുകൊണ്ടു കൊടുക്കുമ്പോള്‍ ഓരോ ഇടിക്കും അതിന്റേതായ വെയ്റ്റ് ഉണ്ടാകും.”