മമ്മൂട്ടി നായകനായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ മാർച്ച് മാസത്തിൽ ഷൂട്ടിംഗ് തുടങ്ങുവാൻ ഒരുങ്ങുകയാണ്. ബിഗ് ബിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമൽ നീരദ് തന്നെയാണ് ബിലാലിന്റെയും സംവിധാനം. ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.
ബിഗ് ബിയിൽ ഉണ്ടായിരുന്ന ബാല, മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് വേണ്ടി ബാല വർക്ക് ഔട്ട് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മേരി ടീച്ചർ എടുത്തു വളർത്തിയ മക്കളിൽ ഒരാളായ മുരുഗൻ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് ബാല അവതരിപ്പിച്ചത്. തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ ഫൈറ്റ് മാസ്റ്ററായിട്ടാണ് ബാല എത്തിയത്. മംമ്ത മോഹൻദാസാണ് ബാലയുടെ ജോഡിയായി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള മുത്തുമഴ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു.
2007ൽ പുറത്തിറങ്ങിയ സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ചിത്രമായ ബിഗ് ബി ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കുവാൻ പോകാതെ പറ്റിയ ചിത്രമാണെങ്കിലും പിന്നീട് ഒരു കൾട്ട് ചിത്രമെന്ന നിലയിൽ പേരെടുത്തിരുന്നു. അതിനാൽ തന്നെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പ് ഏറെയാണ്.