നടൻ ബാലയും ഗായിക അമൃത സുരേഷും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. അമൃത സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഈ വാർത്തകൾക്കെല്ലാം കാരണമായത്. ഇതിനെതിരെ അമൃത സുരേഷ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ബാലയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
എന്റെ വിവാഹമോചന കേസ് അഞ്ച് വര്‍ഷത്തിലേറെയായി നടക്കുന്നു. ഇപ്പോള്‍ കുറേ അഭിമുഖങ്ങളിലെ കാര്യങ്ങള്‍ മോശമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാനൊരു പ്രതികരണവും നടത്തിയിരുന്നില്ല. കഴഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. ആളുകളില്‍ നിന്ന് ഞാന്‍ തന്നെ മാറി നിന്നു. ഞാന്‍ മിണ്ടാതെ ഇരിക്കുമ്പോള്‍ കൂടുതല്‍ അത് പ്രയോജനപ്പെടുത്തുകയായിരുന്നു. എന്നെയാണ് ലക്ഷ്യം വെച്ചതെങ്കിലും അത് മറ്റ് ചിലരെ കൂടി ബാധിക്കും. ഇനി മിണ്ടാതിരിക്കാന്‍ കഴിയില്ല. എന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ നോക്കിയല്ല, ഒരു വ്യക്തി എന്ന നിലയിലാണ് എനിക്ക് ഇപ്പോഴുള്ള ആരാധകര്‍ എന്നെ സ്നേഹിക്കുന്നത്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അവരെയും കബളിപ്പിക്കാന്‍ പാടില്ല. ഇപ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നു. ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, അവരെ വിവാഹം ചെയ്തു. ഇങ്ങനെയായിരുന്നു ഒരുകാലത്ത് ഞാന്‍ നല്കിയ അഭിമുഖങ്ങളില്‍ വന്നിരുന്നത്. പക്ഷെ സത്യം അതല്ല. 15 അഭിമുഖങ്ങളില്‍ താന്‍ തന്നെ തിരുത്തല്‍ നല്കി. പക്ഷെ എന്നാലും ചിലരുണ്ടാക്കിയ പ്രണയകഥയില്‍ തന്നെ എല്ലാവരും ഉറച്ച് നില്‍ക്കുകയാണ്.
കാരണം അത് കേള്‍ക്കാന്‍ രസമാണ്. ഇത് അവിടം കൊണ്ട് അവസാനിച്ചില്ല. പതിനാറാമത്തെ തവണ മുതല്‍ അവര്‍ പറയുന്നതിന് ഞാന്‍ തലകുലുക്കി തുടങ്ങി. ഇപ്പോള്‍ അമൃതയുമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത സൃഷ്ടിക്കപ്പെടുകയാണ്. ഫാന്‍സ് ഉള്‍പ്പെടുന്നവര്‍ അത് വിശ്വസിക്കാന്‍ തയാറാവുന്നു. അവര്‍ക്ക് യാഥാര്‍ഥ്യം എന്തെന്നറിയില്ല. ഡിവോഴ്സ് നടക്കുന്ന നാളത്രയും ഞാന്‍ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കള്‍ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവര്‍ക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാല്‍ അത് മറ്റുള്ളവര്‍ അറിയാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ഞാന്‍ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അറിയാവുന്നത് കൊണ്ടാണ് അവരുടെ ഉത്കണ്ഠ എന്നറിയാം. എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരില്‍ ഞാന്‍ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. ആരുടേയും പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ അവര്‍ക്കു എന്നെയും എന്റെ ആരാധകര്‍ക്ക് എന്നോടുള്ള സ്നേഹത്തെയും കച്ചവടമാക്കണം. എന്തെങ്കിലും സംഭവിച്ച് ഞാന്‍ മരിച്ചാലും അതില്‍ നിന്നും ചിലര്‍ പണമുണ്ടാക്കും. ഞങ്ങള്‍ക്കും കുടുംബവും വികാരങ്ങളും ഉണ്ടെന്നു മനസ്സിലാക്കി ഇത്തരം കഥമെനയുന്നവര്‍ അതില്‍ നിന്നും മാറിനില്‍ക്കണം.
എല്ലാ അഭിനേതാക്കള്‍ക്കും അവരുടേതായ വ്യക്തി ജീവിതവും അതില്‍ പല പ്രശ്നങ്ങളുമുണ്ട്. ഞാന്‍ ഒരു നല്ല നടന് ആണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരു നല്ല അച്ഛനാണെന്ന് എനിക്ക് അറിയാം. ആ പദവി എന്നില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ എനിക്ക് ഒരു സിനിമയില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ വേണമെങ്കില്‍ എനിക്കാ സിനിമ നിര്‍മ്മിക്കാം. പക്ഷെ ഞാന്‍ വെറും പൊള്ളയായി തോന്നും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ച നാളുകളില്‍ ഒരു അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സര് (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങള്‍ ചെയ്തു തന്നത്. എന്റെ ശരീരഭാരം വര്‍ധിച്ചു. ഞാന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടു. അന്നേരം ‘വേതാളം’ സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷം ചെയ്യുന്നതിന് വേണ്ടി അജിത് സര് എന്നെ ക്ഷണിച്ചു. കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഞാന്‍ വരുന്നില്ലെന്നും മറ്റാരെങ്കിലും ചെയ്താല്‍ നന്നായിരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. അന്നത്തെ എന്റെ അവസ്ഥ ഇതായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ എന്റെ ചിന്താഗതിയില്‍ മാറ്റവും വരുത്തി. ബിലാല്‍ എന്ന ചിത്രത്തിന് വേണ്ടി ശരീരം പരിപാലിച്ചു. ഒരു വെബ് സീരീസില്‍ നായകനാവുന്നുണ്ട്. രജനികാന്ത് സാറിന്റെ അണ്ണാത്തെയില്‍ അഭിനയിക്കുന്നു. എന്റെ സഹോദരന് ശിവയാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ഞാന്‍ കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നു. എല്ലാം ശരിയായി വന്നു തുടങ്ങിയപ്പോഴാണ് ലോക്ക്ഡൗണ്‍ സംഭവിച്ചത്. എല്ലാത്തിനും മുകളിലാണ് ഇപ്പോള്‍ വ്യാജവാര്‍ത്തയും നേരിടേണ്ടി വരുന്നത്.