നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി. തിയറ്ററുകളിലും ചിത്രം വൻ വിജയമായിരുന്നു. ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഇപ്പോൾ അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. ഗോഡ്ഫാദർ എന്നാണ് ലൂസിഫർ സിനിമയുടെ തെലുങ്ക് റീമേക്കിന്റെ പേര്. അതേസമയം, മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ സിനിമയിൽ താൻ പൂർണനായി തൃപ്തനായിരുന്നില്ല എന്ന ചിരഞ്ജീവിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒക്ടോബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ലൂസിഫർ സിനിമയെക്കുറിച്ച് ചിരഞ്ജീവി അഭിപ്രായം രേഖപ്പെടുത്തിയത്.
ലൂസിഫറിൽ താൻ പൂർണമായും തൃപ്തനായിരുന്നില്ലെന്നും ഈ സിനിമ തങ്ങൾ കൂടുതൽ അപ്ഗ്രേഡ് ചെയ്യുകയായിരുന്നെന്നും ചിരഞ്ജീവി വ്യക്തമാക്കി. ബോറടിപ്പിക്കുന്ന ഒരു രംഗം പോലുമില്ലാതെ എൻഗേജിങ്ങായി ചെയ്തിട്ടുണ്ടെന്നും തീർച്ചയായും ഗോഡ്ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്നും ചിരഞ്ജീവി പറഞ്ഞു. നാഗാർജുനയുടെ ഗോസ്റ്റ് എന്ന ചിത്രവും ഗോഡ്ഫാദറിന് ഒപ്പമാണ് റിലീസ് ചെയ്യുന്നത്. എന്നാൽ നാഗാർജുനയുമായി മത്സരമില്ലെന്ന് പ്രസ് മീറ്റിൽ വെച്ച് ചിരഞ്ജീവി വ്യക്തമാക്കി.
ചിരഞ്ജീവിയുടെ കരിയിലെ 153ാമത് ചിത്രമാണ് ഗോഡ്ഫാദർ. ചിത്രത്തിന്റെ ഹിന്ദി വേർഷനും ഒക്ടോബർ അഞ്ചിന് തന്നെ റിലീസ് ചെയ്യും. ഇതുവരെ ഏകദേശം 80,000 ത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു പോയിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് വഴി ചിത്രം 57 കോടി രൂപ നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമിച്ചിരിക്കുന്നത്. ഇതിൽ 45 കോടി ചിരഞ്ജീവിയുടെ പ്രതിഫലമാണ്.