മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഗായകനായിട്ടാണ് വിനീത് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ, പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ചു. ചേട്ടനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കഴിഞ്ഞു അനിയൻ ധ്യാൻ ശ്രീനിവാസനും. നടനായും സംവിധായകനായും നിർമാതാവായും തിരക്കിലാണ് ധ്യാൻ ശ്രീനിവാസൻ.
ധ്യാനിന്റെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ധ്യാൻ കുട്ടി ആയിരുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം പങ്കെടുത്ത അഭിമുഖത്തിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഈ അടുത്ത കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ തമാശരൂപേണ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. വീട്ടിലെ സെലിബ്രിറ്റികൾക്കിടയിൽ താൻ ഔട്ടാണെന്നാണ് ധ്യാൻ പറയുന്നത്.
വീട്ടിൽ ചെന്നാൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. ഇങ്ങനെ നടന്നാൽ മതിയോ, എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് അവർ ഉപദേശിക്കുക. വീട്ടിൽ അങ്ങനെ വലിയ പരിഗണനയൊന്നും ലഭിക്കാറില്ല. അമ്മയെ സംബന്ധിച്ച് ഭർത്താവ് സിനിമാക്കാരൻ ശ്രീനിവാസൻ, മൂത്തമോൻ വിനീത് ശ്രീനിവാസൻ. അതുകഴിഞ്ഞേയുള്ളൂ എനിക്ക് സ്ഥാനം. രണ്ടു ദിവസം വീട്ടിലിരുന്നാൽ പോലും അച്ഛനെ കണ്ടുപഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുകയെന്നും ധ്യാൻ പറയുന്നു. അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേൽപ്പിക്കാനോ അച്ഛനോ അമ്മയോ ചേട്ടനോ ഒരിക്കലും മുതിർന്നിട്ടില്ല. നിനക്കിഷ്ടമുള്ളതു ചെയ്യൂ എന്നാണ് അവർ പറയുക. ഇടയ്ക്ക് ഉപദേശിക്കുമെങ്കിലും താനത് കേൾക്കാത്തതു കൊണ്ട് കുഴപ്പമില്ലല്ലോ എന്നും ധ്യാൻ ചിരിയോടെ പറഞ്ഞു. താൻ സിനിമയിൽ എത്തിപ്പെട്ടത് ലോട്ടറി അടിച്ചതു പോലെയാണെന്നും ധ്യാൻ പറഞ്ഞു. ഒന്നും ചെയ്യാതെ വീട്ടിൽ ഇരുന്നപ്പോഴാണ് അമ്മാവന്റെ അസിസ്റ്റന്റ് ഡയറക്ടറായി പോയത്. അതു കഴിഞ്ഞ് ചേട്ടൻ നിർമാതാവായി ഒരു ഷോർട്ട് ഫിലിം ചെയ്തു. ഒന്നര ലക്ഷത്തോളം ചേട്ടനെ പറ്റിച്ചിട്ട് ബാക്കി പൈസയ്ക്ക് തട്ടിക്കൂട്ടിയ ഷോർട്ട് ഫിലിം ആയിരുന്നു. അഭിനയിക്കാൻ ആർക്കും കാശ് കൊടുക്കണ്ടല്ലോയെന്ന് കരുതി സ്വന്തം അഭിനയിച്ചു. ഇതിലെ അഭിനയം കണ്ടിട്ടാണ് ചേട്ടൻ തന്നെ തിരയിലേക്ക് വിളിക്കുന്നതെന്നും ധ്യാൻ വ്യക്തമാക്കി. ധ്യാൻ ആദ്യമായി ഒരു ഐ പി എസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 14ന് ചിത്രം തിയറ്ററുകളിൽ എത്തും.