നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. നടന് മുൻകൂർ ജാമ്യം ലഭിച്ചത് ആരാധകർ ആഘോഷമാക്കി. നടൻ ദിലീപിന്റെ കടുത്ത ആരാധകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ മാധ്യമപ്രവർത്തകർക്ക് ലഡു വിതരണം ചെയ്തു. ദിലീപ് തെറ്റ് ചെയ്യില്ലെന്ന് കടുത്ത വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഞാൻ ദിലീപേട്ടന്റെ ഒരു കടുത്ത ആരാധനാണ്. പുള്ളി തെറ്റ് ചെയ്യില്ല എന്ന കടുത്ത വിശ്വാസമുണ്ട്. സത്യം ജയിക്കും.’- താൻ ദിലീപിന്റെ വളരെ കടുത്ത ഒരു ആരാധകനാണെന്നും ആലുവയിലാണ് വീടെന്നും ഇയാൾ വ്യക്തമാക്കി. മുഹമ്മദ് അസ്ലം എന്നാണ് യുവാവ് പേര് പറഞ്ഞത്. ‘ദിലീപേട്ടന് ജാമ്യം കിട്ടിയ വകയിൽ’ എന്ന് പറഞ്ഞ് ഇയാൾ ഓടിനടന്ന് ലഡു നൽകി. ‘ദിലീപേട്ടൻ നിരപരാധിയാണ്’ എന്ന് ഇയാൾ ഉറക്കെ പറയുന്നുണ്ടായിരുന്നു. ദിലീപ് തെറ്റ് ചെയ്യില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും അതുകൊണ്ട് സത്യത്തോടൊപ്പം, പുള്ളിയോടൊപ്പം നിൽക്കുകയാണെന്നും മുഹമ്മദ് അസ്ലം പറഞ്ഞു. ദിലീപിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയാമെന്ന് പറയുന്നുമുണ്ട് യുവാവ്. ലഡു കിട്ടിയ ഒരാൾ ‘ദിലീപിന് ജാമ്യം ലഭിച്ച വകയിൽ ഇത് കഴിക്കുകയാണ്’ എന്ന് പറഞ്ഞ് ലഡു ഉയർത്തിക്കാട്ടിയാണ് കഴിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്ത് ഉണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം എന്ന വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥർ വീടിനു സമീപത്തു നിന്ന് പിൻവലിയുകയായിരുന്നു.